'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും; എന്‍എസ്‌എസില്‍ ഏകാധിപത്യ പ്രവണത'; ജി സുകുമാരന്‍ നായര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍.


നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) നേതൃത്വത്തിനെതിരെയും സംഘടനയ്ക്കുള്ളിലെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ മന്ത്രിയുമായ കെ.ബി.

ഗണേഷ് കുമാര്‍ രംഗത്ത്. എന്‍.എസ്.എസില്‍ ഒരു തരത്തിലുള്ള ഏകാധിപത്യ പ്രവണതയും പാടില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ എവിടെയായാലും ഏകാധിപതികള്‍ തകര്‍ന്നിട്ടേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍.എസ്.എസ് നേതൃത്വത്തില്‍ അടിയന്തരമായ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, മാറ്റങ്ങളൊക്കെ കാലാകാലങ്ങളില്‍ താനേ വരുമെന്നും ഏകാധിപത്യം തകരുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി.

'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ അത് പുറത്തെടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും' എന്ന പഴയൊരു ഉപമ കടമെടുത്താണ് അദ്ദേഹം സംഘടനയിലെ നിലവിലെ അവസ്ഥയെ പരിഹസിച്ചത്. എന്‍.എസ്.എസിന്റെ ഭരണഘടന താന്‍ പലവഴിക്ക് അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്നും അത് പൊതുജനങ്ങളില്‍ നിന്നും അംഗങ്ങളില്‍ നിന്നും ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് കേള്‍ക്കുന്നതെന്നും ഗണേഷ് കുമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍.എസ്.എസിനെ ആക്ഷേപിച്ചതായി തനിക്ക് അറിവില്ലെന്നും അദ്ദേഹം പണ്ടുമുതലേ തനിക്ക് വ്യക്തിപരമായി പരിചയമുള്ളയാളാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി താന്‍ കരുതുന്നില്ല. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ അകാരണമായി പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവരാണ് നീതി പുലര്‍ത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റി വളര്‍ന്നവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അനാവശ്യമായ വിരട്ടലൊന്നും തന്നോട് വേണ്ടെന്നും, അതിലും ഭേദം കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും കാണിക്കുന്നതാണെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.

Previous Post Next Post