മഹാരാഷ്ട്രയില്‍ മഴക്കെടുതി രൂക്ഷം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി മുംബൈ മാൻഖുർദില്‍ കെട്ടിടം തകർന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പുണെ-മുംബൈ എക്സ്പ്രസ് വേയും പ്രധാന ദീർഘദൂര ട്രെയിൻ സർവീസുകളും പൂർണ്ണമായി തടസ്സപ്പെട്ടു.

കഴിഞ്ഞ ആറു ദിവസമായി മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മുംബൈ, താനെ, പാല്‍ഘർ, പുണെ, സത്താറ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ദുരന്തനിവാരണ സേനയുടെ കർശന നിർദേശമുണ്ട്. പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Previous Post Next Post