കോറോ ഹെല്‍ത്ത് പിരിച്ചുവിടല്‍; മറ്റ് കമ്പനികളില്‍ ജോലി ഉറപ്പാക്കാൻ സര്‍ക്കാര്‍ ഇടപെടും.

കോറോ ഹെല്‍ത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും കമ്പനിയുമായും ജീവനക്കാരുമായും തൊഴില്‍ വകുപ്പ് തുടർച്ചയായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടാള്‍റോപ് കമ്പനിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെത്തി ഇത്തരം നിക്ഷേപ തട്ടിപ്പുകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോറോ ഹെല്‍ത്തില്‍ നിന്ന് ജോലി നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കില്‍ തൊഴില്‍ അവസരം ഒരുക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജീവനക്കാരുടെ പ്രൊഫൈലുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ കമ്പനികളുടെ ആവശ്യമായ സ്കില്‍ പരിഗണിച്ച്‌ അവ കൈമാറി തൊഴില്‍ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ടാള്‍റോപ് കൂട്ടപിരിച്ചുവിടല്‍ വിഷയത്തില്‍ അഡിഷണല്‍ ലേബർ കമ്മിഷണറുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചർച്ചയില്‍ ധാരണയായില്ല. കമ്പനി നഷ്ടത്തിലാണെന്നും 11 മാസത്തെ ശമ്പള കുടിശിക ഉടൻ നല്‍കാനാകില്ലെന്നും അധികൃതർ അറിയിച്ചു. കുടിശിക തീർക്കാൻ ഒക്ടോബർ വരെ സമയം അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
Previous Post Next Post