മട്ടന് പകരം വിളമ്പിയത് ചിക്കന്‍ വിഭവം; ചോദ്യം ചെയ്ത വരന്റെ ബന്ധുക്കളെ തല്ലിച്ചതച്ച്‌ വധുവിന്റെ വീട്ടുകാര്‍: ഒടുവില്‍ പോലിസെത്തി രക്ഷപ്പെടുത്തി.


വിവാഹ സദ്യയില്‍ മട്ടന് പകരം ചിക്കന്‍ വിഭവം വിളമ്പിയതിനെ തുടര്‍ന്ന് കൂട്ടത്തല്ല്. ഒടുവില്‍ അടിയേറ്റ് തളര്‍ന്ന് വീണ വരന്റെ ബന്ധുക്കളെ പോലിസ് എത്തി രക്ഷിച്ചു.

ബിഹാറില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരമാണ് മട്ടന്‍ വിളമ്പാത്തതിന്റെ പേരില്‍ അടിപിടിയായത്. മട്ടന്‍ വിഭവങ്ങള്‍ പ്രതീക്ഷിച്ചാണ് വരന്റെ ബന്ധുക്കള്‍ ഭക്ഷണം കഴിക്കാനിരുന്നത്. നേരത്തേ തന്നെ ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ സദ്യയില്‍ ഉള്‍പ്പെടുത്താം എന്ന് വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

എന്നാല്‍ ഉച്ചഭക്ഷണം വിളമ്പിയതോടെ വധുവിന്റെ വീട്ടുകാര്‍ വാക്കു തെറ്റിച്ചതില്‍ വരന്റെ ബന്ധുക്കള്‍ പ്രകോപിതരായി. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് സദ്യയ്ക്കിടെ അടി പൊട്ടിയത്. മട്ടന്‍ എവിടെ എന്ന് ചോദിച്ച്‌ തര്‍ക്കത്തിനു ശ്രമിച്ച വരന്റെ കൂട്ടരെ വധുവിന്റെ ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച്‌ അവശരാക്കി. വാളുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ വധുവിന്റെ ആളുകള്‍ മര്‍ദിക്കാന്‍ മുന്നിട്ടിറങ്ങുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. വടികള്‍ കൊണ്ടാണ് ഇവര്‍ മര്‍ദിച്ചത്. മട്ടനുവേണ്ടി വഴക്കുണ്ടാക്കിയവരില്‍ മിക്കവര്‍ക്കും അടിയേറ്റ് പരുക്കുണ്ട്. ചിലരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് സംഘര്‍ഷം അവസാനിപ്പിച്ച്‌ വരന്റെ കൂട്ടരെ രക്ഷിച്ചത്.

Previous Post Next Post