പി.എസ്.സിയുടെ കൊടുംഅട്ടിമറി ; ഉത്തരം തെറ്റിച്ച നേതാവ് ഒന്നാമൻ, തെറ്റിച്ച ആറ്, എഴുതാതെ വിട്ട നാല് ചോദ്യം ഒഴിവാക്കി.

ആസൂത്രണ ബോർഡില്‍ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയില്‍ ഇടതു സംഘടനാനേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പി.എസ്.സി നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്.പി.എസ്.സിയിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും പങ്കുള്ള വൻഗൂഢാലോചനയാണ് നടന്നത്. കോഴയിടപാടും സംശയിക്കുന്നു.

ജലഅതോറിട്ടിയിലെ സി.പി.എം സംഘടനാനേതാവിനാണ് ഒന്നാംറാങ്ക് കിട്ടിയത്. നേതാവ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങള്‍ മൂല്യനിർണയം നടത്താതെ ഒഴിവാക്കി. ഇതോടെ ശരി ഉത്തരം എഴുതിയവർക്ക് പൂജ്യം മാർക്ക് നല്‍കിയതിനു സമാനമായ അവസ്ഥയുണ്ടായി.

എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കില്‍ നിലവിലെ രണ്ടാം റാങ്കുകാരന്റെ മാർക്കില്‍ നിന്ന് 53 മാർക്ക് താഴേക്ക് പോകുമായിരുന്നു നേതാവ്. ചുരുക്കപ്പട്ടികയില്‍പ്പോലും ഇടംപിടിക്കാൻ യോഗ്യത ഇല്ലാത്തയാളാണ് 1,23,700- 1,66,800 ശമ്പളസ്കെയിലില്‍ വിലസുന്നത്.പരീക്ഷാവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരായ മൂന്നുപേരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. നേതാവിനു മാർക്ക് കിട്ടാത്ത 10 ചോദ്യങ്ങള്‍ ഓണ്‍സ്ക്രീൻ മാർക്കിംഗിനായി ഇവർ കൈമാറിയില്ല. 58 മാർക്കിന്റെ ഉത്തരങ്ങള്‍ മൂല്യനിർണയം നടത്താതെ നേതാവിനു അനധികൃത നിയമനം നല്‍കിയെന്നാണ് കേസ്. ആദ്യ പേപ്പറിലെ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതിരുന്നത്. 228ലേറെ ഉദ്യോഗാർത്ഥികള്‍ക്കും ഈ ഉത്തരങ്ങള്‍ക്ക് മാർക്ക് നല്‍കിയില്ല.

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ മുഹമ്മ സ്വദേശിയായ ഉദ്യോഗാർത്ഥി വി.എസ്.ജയലാല്‍ ഉത്തരക്കടലാസിന്റെ പകർപ്പിനു അപേക്ഷിച്ചിരുന്നെങ്കിലും നിയമനം നടത്തി ഒരു വർഷമാകുമ്പോഴാണ് നല്‍കിയത്. ഉത്തരക്കടലാസ് കിട്ടിയപ്പോഴാണ് 28 ചോദ്യങ്ങളില്‍ 18 എണ്ണത്തിനേ മാർക്കിട്ടുള്ളൂവെന്ന് വ്യക്തമായത്
Previous Post Next Post