മണ്ണുത്തിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ര്‍ച്ച: മുഖ്യസൂത്രധാരൻ ഉള്‍പ്പെടെ മൂന്നുപേ‌ര്‍ പിടിയില്‍.


മണ്ണുത്തിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ കെട്ടിയിട്ട് വൻ കവർച്ച നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരൻ ഉള്‍പ്പെടെ മൂന്നുപേർ പിടിയില്‍.

രാജസ്ഥാനിലെ തിരിട്ടുഗ്രാമത്തില്‍ നിന്നാണ് മുഖ്യസൂത്രധാരൻ സൂരജ് പവാറും മറ്റ് രണ്ടുപ്രതികളും പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച 47 പവനില്‍ 26 പവൻ സ്വർണവും പൊലീസ് കണ്ടെത്തി. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്.

മോഷണം തൊഴിലാക്കിയിരുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം. ട്രക്കുകളില്‍ കറങ്ങിനടന്ന് വീടുകളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ട്രക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ വീട് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആള്‍താമസം ഇല്ലെന്ന് കരുതിയാണ് ഇവർ ഈ വീട് മോഷണത്തിനായി തിരഞ്ഞെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

ഒരുമാസം മുൻപാണ് തൃശൂർ മണ്ണുത്തിയില്‍ സോമശേഖരന്റെ വീട്ടില്‍ മോഷണം നടന്നത്. രാത്രി പതിനൊന്നോടെയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സംഘം അകത്ത് കയറിയത്. തുടർന്ന് ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ സോമശേഖരനെ കെട്ടിയിട്ട ശേഷം അലമാരയുടെ പൂട്ട് തകർത്ത് 47 പവനും 50000 രൂപയും കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ സോമശേഖരൻ പൊലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേയ്ക്ക് എത്തിച്ചത്. സംഭവത്തില്‍ മറ്റുരണ്ടു പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Previous Post Next Post