മീന്‍ കച്ചവടത്തിന്റെ മറവില്‍ മാന്നാറില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന അസം സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് പിടിയിലായത്. മാന്നാര്‍ മാവേലിക്കര റോഡില്‍ കുറ്റിയില്‍ ജങ്ഷന്‍ പെട്രോള്‍ പമ്പിന്റെ എതിര്‍വശത്തായിരുന്നു ഇയാള്‍ മീന്‍ കച്ചവടം നടത്തിയിരുന്നത്. രാത്രികാലങ്ങളില്‍ മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകള്‍ ലഹരിവസ്തുക്കള്‍ക്കായി ഇവിടെയെത്തുന്നത് പതിവായതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂര്‍ എക്സൈസ് സംഘം മാന്നാറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബാബു ഡാനിയേല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീജിത്ത് ആര്‍, താജുദ്ദീന്‍, പ്രദീഷ് പി നായര്‍, വിഷ്ണു വിജയന്‍, സിവില്‍ എക്സൈസ് ഓഫീസറും ഡ്രൈവറുമായ സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.