സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്കുള്ള (Kerala Rain Alert Today) സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യോല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, നിലവിലെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ കൃത്യമായ അപ്ഡേറ്റുകള്‍ അറിയുന്നതിന് ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് പരിശോധിക്കുക.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് പകല്‍ 08.30 മുതല്‍ നാളെ രാത്രി 08.30 വരെ 1.0 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളില്‍ ഇന്ന് പകല്‍ 5.30 മുതല്‍ വൈകുന്നേരം 05.30 വരെ 1.4 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.