ട്രെയിൻ യാത്രക്കിടെ വാട്‌സ്‌ആപ്പില്‍ ഫോർവേഡ് ചെയ്ത ടിക്കറ്റോ സ്ക്രീൻ ഷോട്ടുകളോ കരുതുന്നവരാണ് ഭൂരിഭാഗം പേരും.
ടിടിഇ വരുമ്പോള്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ടിക്കറ്റായിരിക്കും കാണിക്കുക. എന്നാല്‍ ഇനി മുതല്‍ വാട്‌സ്‌ആപ്പ് ചിത്രങ്ങളായോ സ്‌ക്രീൻഷോട്ടുകളായി പങ്കിടുന്ന ട്രെയിൻ ടിക്കറ്റുകള്‍ ടിക്കറ്റ് പരിശോധനക്കിടെ യാത്രയുടെ സാധുവായ തെളിവായി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കി. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസർവ്ഡ് ടിക്കറ്റുകള്‍ എടുത്ത ഫോണില്‍തന്നെ കാണിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
യാത്രക്കാർ യഥാർഥ ഡിജിറ്റല്‍ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം ടിക്കറ്റ് സ്ക്രീൻഷോട്ടുകള്‍ കുടുംബാംഗങ്ങളുമായി പങ്കിടുകയോ വാട്സ് ആപ്പില്‍ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
''RailOne ആപ്പ് വഴി ബുക്ക് ചെയ്ത ജനറല്‍ (അണ്‍റിസർവ്ഡ്) ടിക്കറ്റുകള്‍, ഏത് രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണില്‍ നിന്നാണോ ടിക്കറ്റ് എടുത്തത്, ആ ഫോണില്‍ മാത്രം കാണിച്ചാല്‍ മാത്രമേ സാധുവായി കണക്കാക്കുകയുള്ളൂ. യാത്രയിലുടനീളം പ്രസ്തുത മൊബൈല്‍ ഫോണിനൊപ്പം ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാർഡും കൈവശം കരുതേണ്ടത് നിർബന്ധമാണ്. വാട്സാപ്പ്, സ്ക്രീൻഷോട്ട് അല്ലെങ്കില്‍ മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന ടിക്കറ്റുകള്‍ നിയമപരമായ യാത്രാരേഖയായി പരിഗണിക്കുന്നതല്ല'' സൗത്ത് ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയും എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഒറിജിനല്‍ ഡിജിറ്റല്‍ ടിക്കറ്റിന് പകരം വാട്ട്‌സ്‌ആപ്പ് സ്‌ക്രീൻഷോട്ട് കാണിച്ചതിന് ഒരു യാത്രക്കാരന് അടുത്തിടെ പിഴ ചുമത്തിയിരുന്നു.