പിഎസ്‌സിക്ക് വൻ തിരിച്ചടി; ആസൂത്രണ ബോര്‍ഡ് പരീക്ഷാ രേഖകള്‍ പുറത്തുവിടാൻ ഉത്തരവ്.

പിഎസ്സിക്ക് വൻ തിരിച്ചടി നല്‍കിക്കൊണ്ട് ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകള്‍ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.പിഎസ്സിയുടെ ശക്തമായ എതിർപ്പുകള്‍ മറികടന്നാണ് കമ്മീഷന്റെ ഈ നിർണായക ഉത്തരവ്.

ഏഴ് ദിവസത്തിനകം അപേക്ഷ നല്‍കിയ ഉദ്യോഗാർഥികള്‍ക്കെല്ലാം ഉത്തരക്കടലാസ്, അഭിമുഖത്തിന് നല്‍കിയ മാർക്ക് എന്നിവയുള്‍പ്പെടെയുള്ള എല്ലാ രേഖകളും കൈമാറണമെന്നാണ് നിർദ്ദേശം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പിഎസ്സി ഇതുവരെ നല്‍കാതിരുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങളാണ് പുറത്തുവിടാൻ ഉത്തരവായിരിക്കുന്നത്. പരീക്ഷ എഴുതിയ മുഴുവൻ പേരുടെയും മാർക്ക് പട്ടികയും ലഭ്യമാക്കാൻ നിർദ്ദേശമുണ്ട്. ഈ പരീക്ഷയില്‍ ഉദ്യോഗാർഥികളുടെ പത്ത് ഉത്തരങ്ങള്‍ പിഎസ്സി പരിശോധിച്ചില്ലെന്ന ഗുരുതരമായ വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Previous Post Next Post