തിരുവനന്തപുരം ബിജെപി കൗണ്‍സിലർ ആർ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസില്‍ തടവില്‍ കഴിയുകയാണ് സുഗതൻ.
നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിർദേശം നല്‍കി. കേരളത്തില്‍ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാർഡ് 20 ലെ കൗണ്‍സിലറായ സുഗതൻ.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലേല്‍ കോർപ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി സർക്കാറിനോട് ചോദിച്ചിരുന്നു. സുഗതനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുൻപേ ഉള്‍പ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. കോടതി നിർദ്ദേശിച്ചാല്‍ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലാണ്.