മുട്ടക്കറിയില്‍ ഒച്ച്‌; എറണാകുളം വടക്കന്‍ പറവൂരിലെ ഹോട്ടല്‍ അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കി നഗരസഭ.

എറണാകുളം വടക്കൻ പറവൂരില്‍ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടിയന്തരമായി അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കി.പറയക്കാട് സ്വദേശിയായ യുവാവും കുടുംബവും ഓണ്‍ലൈനായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഭക്ഷണം പകുതിയോളം കഴിച്ച ശേഷമാണ് കറിയില്‍ ഒച്ചുള്ള കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പാതി വെന്ത നിലയിലായിരുന്നു ഒച്ച്‌. ഉടൻ തന്നെ ഭക്ഷണത്തിന്റെ ബില്ലും പാക്കറ്റും ഒച്ചിന്റെ ചിത്രങ്ങളും സഹിതം ഇവർ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് നഗരസഭാ അധികൃതർ വടക്കൻ പറവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലില്‍ പരിശോധന നടത്തുകയും, തുടർന്ന് പൂട്ടാൻ നിർദ്ദേശം നല്‍കുകയുമായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നുവെന്നും അയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമാണോ ഇതെന്ന് അറിയില്ല എന്നാണ് ഹോട്ടലുടമയുടെ വാദം. എന്നാല്‍ ഈ വാദം കണക്കിലെടുക്കാതെയാണ് നഗരസഭ കർശന നടപടിയുമായി മുന്നോട്ട് പോയത്.
Previous Post Next Post