പശ്ചിമേഷ്യൻ യുദ്ധഭീതിയില്‍ സംസ്ഥാനത്ത് സ്വര്ണ വില കൂടുതല്‍ ഇടിയുന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,100 രൂപയിലും പവന് 1,04,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ താഴ്ന്ന് 10,770 രൂപയിലെത്തി.
യുഎസ്- ഇറാൻ യുദ്ധം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വീഴ്ചയുടെ പാതയിലുള്ള സ്വർണവില കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.
ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തില്‍ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയില്‍ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രില്‍, മേയ് മാസത്തില്‍ വൻ കയറ്റിറക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.