കണ്ണൂരില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതില്‍ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍.
ചെറിയ മുറിവുമായെത്തിയപ്പോള്‍ ആവശ്യമില്ലാതെ അനസ്തേഷ്യ നല്‍കി. ഇതിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല. മോനെന്ത് പറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി സംസാരിച്ചെന്നും കുട്ടിയുടെ അമ്മാവൻ അജിത് കുമാർ മീഡിയവണിനോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗരി മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങള്‍ പൂർണമായി പാലിച്ചിരുന്നുവെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെൻറ് പ്രസ്താവനയില്‍ പറഞ്ഞു.
കളിക്കുമ്പോള്‍ വീണതിനെ തുടർന്ന് ചുണ്ടില്‍ ചെറിയ മുറിവ് പറ്റിയതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവിന് സ്റ്റിച്ചിടണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതിനായി അനസ്‌തേഷ്യ നല്‍കി. എന്നാല്‍ ഇതിനെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നില്ല. ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നു. സൂരജ്-വിജിഷ ദമ്പതികള്‍ക്ക് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാൻഷ്.