മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു.കഴിഞ്ഞ കെസിഎല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയില്‍ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് കെസിഎ വിലക്കിയിരുന്നത്.
ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയില്‍ ഹർജി നല്‍കിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.2026 ജൂലൈ 1ന് ചേർന്ന കെസിഎ സ്പെഷല്‍ ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.