രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ യോഗ അഭ്യസിച്ച്‌ സഞ്ചാരി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി.

ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ടാണ് ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.ഭൂമിയില്‍ വർഷങ്ങളായി താൻ പരിശീലിച്ച യോഗ ബഹിരാകാശ നിലയത്തിലെ പ്രത്യേക സാഹചര്യത്തില്‍ വിജയകരമായി മാറ്റിയെടുത്തിരിക്കുകയാണ് സോഫി. 'തിരക്കുപിടിച്ച ഒരു ദിവസത്തിന് ശേഷം മനസിന് ശാന്തി ലഭിക്കാൻ ബഹിരാകാശ നിലയത്തില്‍ എല്ലാ ദിവസവും രാത്രി 30 മിനിട്ട് ഞാൻ 'യിൻ യോഗ' ചെയ്യാറുണ്ട്'- വീഡിയോയുടെ അടിക്കുറിപ്പില്‍ സോഫി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ഇതിനോടകം വൈറലാണ്.

സാധാരണ യോഗാമുറകളില്‍ നിന്നും വ്യത്യസ്തമായി ദീർഘനേരം നീണ്ടുനില്‍ക്കുന്ന സാവധാനത്തിലുള്ള സ്‌ട്രെച്ചിംഗ് രീതികളാണ് യിൻ യോഗയിലുള്ളത്. എന്നാല്‍ ഭൂമിയെപോലെ ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ഇത്തരം യോഗകള്‍ ചെയ്യുന്നത് ഒട്ടും എളുപ്പമല്ല. ഭാരമില്ലായ്‌മ കാരണം ശരീരത്തിന് സ്വാഭാവികമായി ലഭിക്കുന്ന പിടിത്തം ബഹിരാകാശത്ത് കിട്ടുകയില്ല. അത് പരിഹരിക്കാൻ ബഹിരാകാശ നിലയത്തിലെ ഭിത്തിയിലെ പിടിവള്ളികളും കാലുകള്‍ ഉറപ്പിച്ചു നിർത്തുന്ന സംവിധാനങ്ങളും വയറിന്റെ കരുത്തുമാണ് സോഫി ഉപയോഗിക്കുന്നത്. ബഹിരാകാശത്ത് യോഗ ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ ഉടൻ പുറത്തുവിടുമെന്നും സോഫി അറിയിച്ചു.

Previous Post Next Post