നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തില്‍ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) തമ്മിലുള്ള നിർണായക ചർച്ച പൂർത്തിയായി.
സിജെപി മുന്നോട്ടുവച്ച മൂന്നു ആവശ്യങ്ങളില്‍ രണ്ടെണ്ണം സർക്കാർ അംഗീകരിച്ചു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന സുപ്രധാന ആവശ്യത്തില്‍ തീരുമാനമെടുക്കാൻ സർക്കാർ സമയം തേടി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30വരെയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബില്‍ വച്ചാണ് ചർച്ച നടന്നത്. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയുമാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്. നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, സമരത്തില്‍ പങ്കെടുത്തവർക്കെതിരായ കേസുകള്‍ പിൻവലിക്കുക എന്നീ ആവശ്യങ്ങള്‍ മന്ത്രിമാർ അംഗീകരിച്ചു. എന്നാല്‍ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സുപ്രധാന ആവശ്യം കൂടി സിജെപി പ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ സമയം ആവശ്യമുണ്ടെന്ന് മന്ത്രിമാർ സിജെപി പ്രതിനിധികളോട് വ്യക്തമാക്കുകയായിരുന്നു.