വീഴ്ചയാണ് ട്രെൻഡ്; രാജ്യാന്തരവിലയ്ക്കു പിന്നാലെ സംസ്ഥാനത്തും സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,125 രൂപയിലും പവന് 1,05,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,790 രൂപയിലെത്തി.

സംസ്ഥാനത്ത് വീഴ്ചകള്‍ക്കിടെ ബുധനാഴ്ച തിരിച്ചുകയറിയ സ്വർണവിലയാണ് ഇന്നു വീണ്ടും താഴേക്കുപോയത്. പശ്ചിമേഷ്യൻ യുദ്ധഭീതിയില്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് സ്വര്ണ വില താഴേക്കുള്ള ട്രെൻഡിലായിരുന്നു. തിങ്കളാഴ്ച പവന് 1,040 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.

ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച്‌ ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച്‌ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.

പുതുവർഷത്തില്‍ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച്‌ വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയില്‍ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
Previous Post Next Post