ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരുന്ന അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. നിലപാടുകള്‍ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹമെന്നും സുധീരൻ പ്രശംസിച്ചു.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് കെഎസ്‌യു അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ചതായുള്ള പരാതി ഉയർന്നത്. വേദിയില്‍ അദ്ദേഹത്തിന്റെ പേര് സ്വാഗതപ്രസംഗത്തില്‍ പരാമർശിച്ചെങ്കിലും ഇരിപ്പിടം നല്‍കിയിരുന്നില്ല. തുടർന്ന് അദ്ദേഹം സ്വയം കസേരയെടുത്ത് വേദിക്ക് തൊട്ടുതാഴെയിരിക്കുകയായിരുന്നു. ഈ സംഭവം കോണ്‍ഗ്രസിനുള്ളിലും വലിയ ചർച്ചയായി.
ആരുടെ മുന്നിലും ആർജ്ജവത്തോടെ അഭിപ്രായം പറയണം എന്ന് സുധീരൻ അലോഷ്യസ് സേവ്യറിനോട് പറഞ്ഞു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ താല്‍ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, ഇടയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ധൈര്യമായി മുന്നോട്ടു പോകണമെന്നും വി എം സുധീരൻ പറഞ്ഞു. കെഎസ്‌യുവിന്റെ പ്രാധാന്യവും സുധീരൻ ഓർമ്മിപ്പിച്ചു.