നാളെ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ.

ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നാളെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കൂടിക്കാഴ്ച. 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച 'തൂഫാന്‍ വാറിയര്‍' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കി. കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചെന്നിത്തല സംസാരിച്ചു. മുമ്പ് ബ്രസീല്‍ ആരാധകനായിരുന്ന താന്‍ ഇപ്പോള്‍ അര്‍ജന്റീന ആരാധകനാണെന്നും, യുവാക്കളുടെ യഥാര്‍ത്ഥ ലഹരി ഫുട്‌ബോള്‍ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലഹരി കടത്തിനെതിരെ അന്തര്‍സംസ്ഥാന തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനായി കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി ജിപിമാരുമായി നേരത്തെ സംസാരിച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിക്കുമ്പോള്‍ ലഹരി വ്യാപനം ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 42 ദിവസത്തിനുള്ളില്‍ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ കാലയളവില്‍ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. എറണാകുളത്ത് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 29 ഡ്രൈവര്‍മാരെ കണ്ടെത്തുകയും ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Previous Post Next Post