കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയില്‍ വീണു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് പൊലീസ്.


കൊളുക്കുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയില്‍ വീണു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക്കാണ് കൊക്കയില്‍ വീണത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കൊപ്പമാണ് ഇയാള്‍ കൊളുക്കുമലയിലേക്കെത്തിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമെന്നാണ് വിവരം.

ഇന്ന് രാവിലെയായിരുന്നു അപകടം. സൂര്യനെല്ലിയില്‍ നിന്നും ഓഫ്‌റോഡായി ജീപ്പിലാണ് സംഘം കൊളുക്കുമലയുടെ അവസാനഭാഗമായ സിംഹപ്പാറയില്‍ എത്തിയത്. സൂര്യോദയം കാണുന്നതിനിടെ കാർത്തിക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇദ്ദേഹം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്നും, തലകറങ്ങി വീണതാണെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നുണ്ട്. ഇതില്‍ ഏതാണ് സത്യാവസ്ഥയെന്ന് നിലവില്‍ വ്യക്തമല്ല. സംഭവത്തില്‍ വ്യക്തത വരുന്നതിനായി ഒപ്പമുള്ളവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന സ്ഥലത്താണ് കാർത്തിക്ക് വീണത്. രാജാക്കാട് നിന്നുള്ള ഫയർഫോഴ്‌സും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നുണ്ട്. കൊരങ്ങണി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അഗാതമായ കൊക്കയായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

Previous Post Next Post