വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്; കേന്ദ്രം രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു.

വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ കേന്ദ്ര സർക്കാർ രാജ്യസഭയില്‍ അവതരിപ്പിച്ചു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയില്‍ ബില്‍ സമർപ്പിച്ചത്.

1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസള്‍ട്ട്സ് ടു നാഷണല്‍ ഓണർ ആക്‌ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവില്‍ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകള്‍ ഇനി വന്ദേമാതരത്തിനും ബാധകമാകും.സഭയില്‍ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലാണ് കേന്ദ്രം ബില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബില്‍ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
Previous Post Next Post