രാജ്യത്തെ ഇ20 എഥനോള്‍ മിശ്രിത പെട്രോള്‍ പദ്ധതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.
ഇ20 പെട്രോള്‍ എന്നത് കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഇന്ധനമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം 10 പോയിന്റുകളുള്ള വിശദീകരണത്തില്‍ വ്യക്തമാക്കി.
അമിത ജലഉപയോഗം ഇല്ല: ഒരു ലിറ്റർ എഥനോള്‍ ഉണ്ടാക്കാൻ 10,000 ലിറ്റർ വെള്ളം വേണമെന്ന പ്രചാരണം തെറ്റാണ്. ദേശീയ ഭക്ഷ്യഭദ്രത ഉറപ്പാക്കിയ ശേഷമുള്ള അധിക അരി മാത്രമാണ് ഇതിനായി മാറ്റിവെക്കുന്നത്. ഒരു ലിറ്റർ എഥനോളിന് 3 മുതല്‍ 5 ലിറ്റർ വരെ പ്രോസസ്സ് ചെയ്ത വെള്ളം മാത്രമാണ് ഡിസ്റ്റിലറികള്‍ക്ക് വേണ്ടത്. ഇവ വെള്ളം പുനരുപയോഗിക്കാൻ സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 40 ശതമാനത്തിലധികം എഥനോള്‍ നല്‍കുന്ന ചോളം കൃഷിക്ക് നെല്ലിനേക്കാള്‍ വളരെ കുറഞ്ഞ ജലസേചനം മാത്രമേ ആവശ്യമുള്ളൂ.
യുഎസ്, ബ്രസീല്‍, കാനഡ, തായ്‌ലൻഡ്, ജപ്പാൻ, നിരവധി യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ ദശാബ്ദങ്ങളായി എഥനോള്‍ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) പാസഞ്ചർ കാറുകളില്‍ 40,000 കിലോമീറ്ററും ഇരുചക്ര വാഹനങ്ങളില്‍ 20,000 കിലോമീറ്ററും നടത്തിയ പരീക്ഷണങ്ങളില്‍ മൈലേജില്‍ നേരിയ വ്യത്യാസം മാത്രമാണ് കണ്ടത്. എഞ്ചിൻ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ഇത് ദോഷകരമായി ബാധിച്ചിട്ടില്ല. ഇ20 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിച്ച എഞ്ചിനുകള്‍ക്ക് എഥനോളിന്റെ ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഗുണം ചെയ്യും.