വിപിഎൻ സേവനങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കേന്ദ്രം.

ഓണ്‍ലൈൻ സ്വകാര്യത സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വെർച്വല്‍ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) സേവനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം.വിപിഎൻ സേവനങ്ങളുടെ ദുരുപയോഗം മൂലം കുറ്റകൃത്യങ്ങള്‍ വർധിക്കുന്നതിന്റെയും രാജ്യത്തു ബ്ലോക്ക് ചെയ്തിട്ടുള്ള വെബ്സൈറ്റുകളും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഓണ്‍ലൈൻ വ്യക്തിത്വം മറച്ച്‌ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വിപിഎൻ കമ്പനികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിർദേശിക്കുന്ന വിപുലമായ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നത്.

രാജ്യത്തു ബ്ലോക്ക് ചെയ്ത ആപ്പുകളും നിരോധിച്ച ഔണ്‍ലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച്‌ രാജ്യത്തു ടെലഗ്രാം ബ്ലോക്ക് ചെയ്തിരുന്നെങ്കിലും ഇത് ഉപയോഗിക്കുവാനായി പലരും വിപിഎൻ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വിപിഎൻ സേവനങ്ങള്‍ക്കുമേലുള്ള നിരീക്ഷണവും നിയന്ത്രണവും കടുപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

പുതിയ നിയമപ്രകാരം വിദേശത്തുള്ള വിപിഎൻ കമ്പനികള്‍ ഇന്ത്യയില്‍ തങ്ങളുടെ ഓഫീസ് തുറക്കേണ്ടിവരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികള്‍ ഇന്ത്യയില്‍ നിയമിക്കണം.
Previous Post Next Post