കൈക്കൂലി : തൊടുപുഴ നഗരസഭ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പിടിയില്‍


പുതുതായി നിര്മിച്ച ആയുര്വേദ ആശുപത്രി കെട്ടിടത്തിന്റെ ഉടമയോട് കംപ്ലീഷന് സര്ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭ അസി.എന്ജിനിയര് വിജിലന്സ് പിടിയിലായി.

എറണാകുളം കറുകുറ്റി സ്വദേശി എം.പി. ജോസിനെ (54)യാണ് ഇന്നലെ വൈകുന്നേരം ഇടുക്കി വിജിലന്സ് സംഘം പിടികൂടിയത്. നഗരസഭയില് സെക്രട്ടറിയുടെ അധികചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്.

തൊടുപുഴ സ്വദേശിയായ ആയുര്വേദ ഡോക്ടര് പുതുതായി നിര്മിച്ച കെട്ടിടത്തിന് കംപ്ലീഷന് സര്ട്ടിഫിക്കറ്റ് അനുവദിച്ച്‌ നല്കിയതിനാണ് 75,000 രൂപ കൈക്കൂലി വാങ്ങിയത്. സര്ട്ടിഫിക്കറ്റ് ലഭിക്കാന് തൊടുപുഴ നഗരസഭയില് 2025 ഒക്ടോബറില് ഓണ്ലൈനായി അപേക്ഷിച്ചിരുന്നു. നടപടി സ്വീകരിക്കാതെ എം.പി. ജോസ് ഒരു മാസത്തോളം ഫയല് പിടിച്ചുവച്ചു. പിന്നീട് സര്ട്ടിഫിക്കറ്റ് അനുവദിക്കാന് 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.

കൈക്കൂലി തുക ഒഴിവാക്കാന് ഡോക്ടര് തന്റെ ബില്ഡിംഗ് എന്ജിനിയര് മുഖേന ജോസിനോട് സംസാരിച്ചതിനെ തുടര്ന്ന് പിന്നീട് വേണ്ട വിധം കണ്ടാല് മതിയെന്ന് പറഞ്ഞ് സര്ട്ടിഫിക്കറ്റ് നല്കി. കഴിഞ്ഞ മേയില് ഡോക്്ടറെ വീണ്ടും ഇയാള് ഓഫീസില് വിളിച്ചുവരുത്തി.

കെട്ടിടത്തില് നിര്മിച്ചിരിക്കുന്ന ഇരുമ്പ് ഗോവണി പെര്മിറ്റില് ഇല്ലാത്തതിനാല് അനുവദിച്ച കെട്ടിട നമ്പരുകള് റദ്ദു ചെയ്യുമെന്നും അത് ഒഴിവാക്കണമെങ്കില് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്കണമെന്നും ഇതില് 75,000 ഉടന് വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

പരാതിക്കാരന് ഈ വിവരം ഇടുക്കി വിജിലന്സ് ഡിവൈഎസ്പിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്ദേശാനുസരണം തൊടുപുഴ വെങ്ങല്ലൂരിലെ ബാറിനു സമീപത്തു വച്ച്‌ പണം കൈമാറുന്നതിനിടെ കൈയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലന്സ് കോടതിയില് ഹാജരാക്കും.

Previous Post Next Post