സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി രണ്ടാം ശനിയാഴ്ച ശുചിത്വദിനം. അന്നേദിവസം പോലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ ഉത്തരവ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സമഗ്ര ശുചിത്വപ്രവർത്തനങ്ങള്‍ ഇതിനകം നടക്കുന്നുണ്ടെന്നും ഈ മാസം 11 മുതല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു പ്രാബല്യത്തില്‍ വരുമെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ വേഷവിതാനം വൃത്തിയുള്ളതും അച്ചടക്കമുള്ളതും വകുപ്പുതല മാനദണ്ഡങ്ങള്ക്ക് അനുസൃതവുമാകണം എന്നതുള്‍പ്പെടെ 23 ഇന നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
വകുപ്പിലെ എല്ലാ വാഹനങ്ങളും പോലീസ് സ്റ്റേഷന് പരിസരത്ത് കൃത്യമായ ക്രമത്തില് പാര്ക്ക് ചെയ്യുക , കുറ്റകൃത്യങ്ങളില് ഉള്പ്പെട്ട വാഹനങ്ങളും അവകാശികളില്ലാത്ത വാഹനങ്ങളും പോലീസ് സ്റ്റാന്ഡിംഗ് ഓര്ഡര്, മറ്റ് നിയമനടപടിക്രമങ്ങള് എന്നിവ കര്ശനമായി പാലിച്ച് ഒഴിവാക്കുക, വാഹനങ്ങള് പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിക്കുന്നപക്ഷം അവ കൃത്യമായ ക്രമത്തില് നിര്ത്തിയിടുക, പോലീസ് സ്റ്റേഷനുകളില് സൂക്ഷിച്ചിട്ടുള്ള ലഹരിമരുന്നുകളും ലഹരിപദാര്ഥങ്ങളും നിയമനടപടികള്ക്കg വിധേയമായി ഉടന് നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, സ്റ്റേഷനില് ആയുധങ്ങള് സുരക്ഷിതവുമായ സാഹചര്യത്തില് സൂക്ഷിക്കുക, തൊണ്ടിമുതലുകള് സൂക്ഷിക്കുന്ന മുറികള് കൃത്യമായ രേഖകളോടെയും സുരക്ഷിതമായും പരിപാലിക്കുക എന്നിവയെല്ലാം നിർദേശത്തിലുണ്ട്.