മദ്യപിച്ച്‌ ഡ്യൂട്ടിക്ക് എത്തിയെന്ന് ആരോപിച്ച്‌ തൊടുപുഴയില്‍ പൊലീസുകാരെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ജീപ്പിനുള്ളില്‍ ചീട്ടുകെട്ടും മദ്യക്കുപ്പിയും.


മദ്യപിച്ച്‌ ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച്‌ ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയില്‍ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്‌ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചു.

ലോകകപ്പ് ഫൈനല്‍ ബിഗ് സ്ക്രീനില്‍ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച്‌ വന്നെന്നാണ് ആരോപണം. ഇവരുടെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇടുക്കി എസ് പി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോള്‍ ഫൈനലിന് ശേഷം ആഘോഷ പരിപാടികള്‍ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയില്‍ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയില്‍ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ് ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ബഹളം വച്ചു.

ഇതിനിടെ, തൊടുപുഴ എസ് എച്ച്‌ ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിലോ, രക്തപരിശോധനയിലോ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിശദമായ പരിശോധനയ്ക്ക് രക്ത സാംപിള്‍ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിടെ പൊലീസെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ഇടുക്കി എസ് പി പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post