പബ്ബുകള്‍ക്ക് പുലര്‍ച്ചെ മൂന്നരവരെ പ്രവര്‍ത്തിക്കാം; ലോകകപ്പ് പ്രമാണിച്ച്‌ പ്രവര്‍ത്തന സമയം നീട്ടി പോലീസ്.


ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പ്രമാണിച്ച്‌ ബെംഗളൂരുവില്‍ ബാറുകളുടെയും റെസ്റ്റോറൻ്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം നീട്ടി.

ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങള്‍ പുലർച്ചെ 3:30 വരെ പ്രവർത്തിക്കാൻ അനുമതി നല്‍കി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഉത്തരവിറക്കി. ജൂലൈ 14-15, ജൂലൈ 15-16, ജൂലൈ 19-20 എന്നീ ദിവസങ്ങളിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടിയത്.

നാഷണല്‍ റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ), ബെംഗളൂരു ചാപ്റ്റർ എന്നീ സംഘടനകളുടെ അഭ്യർത്ഥനപ്രകാരം 1963ലെ കർണാടക പൊലീസ് ആക്ടിലുള്ള സെക്ഷൻ 31 (ഡബ്ല്യു) പ്രകാരമാണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയം പുലർച്ചെ ഒരുമണിവരെ ആണെങ്കിലും റെസ്റ്റോറൻ്റുകളില്‍ പ്രദർശിപ്പിക്കുന്ന മത്സരങ്ങള്‍ പലപ്പോഴും 2:30 വരെ നീളാറുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രവർത്തനം സമയം നീട്ടി നല്‍കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം.

പൊതുജനസുരക്ഷ, ക്രമസമാധാനം, പൗരന്മാരുടെ സൗകര്യം എന്നിവയ്ക്ക് പരമമായ മുൻഗണന നല്‍കിക്കൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. എല്ലാവരും ഉത്തരവാദിത്തത്തോടെ മത്സരങ്ങള്‍ ആസ്വദിക്കണമെന്നും അധികാരികളോട് പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Previous Post Next Post