ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കത്തിക്കയറുന്നു.
ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോര്‍മുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി. ഇതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വര്‍ദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ്(ഡബ്ള്യു.ടി) ക്രൂഡ് വില 80 ഡോളര്‍ കടന്നു. ഒരു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തില്‍ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.
പശ്ചിമേഷ്യ സംഘര്‍ഷം നീണ്ടാല്‍ ഹോര്‍മൂസിലൂടെയുള്ള വെസലുകളുടെ സഞ്ചാരം ഗണ്യമായി കുറയുമെന്നതിനാല്‍ വില 95 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്ന് യൂറേഷ്യ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പറയുന്നു.
എല്‍.പി.ജി നിയന്ത്രണത്തിന് സാദ്ധ്യത
ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം വീണ്ടും തടസപ്പെട്ടാല്‍ ഇന്ത്യയില്‍ പാചക വാതക വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാജ്യത്തെ മൊത്തം എല്‍.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും ഹോര്‍മുസിലൂടെയാണ് എത്തുന്നത്. മറ്റ് വിപണികളില്‍ നിന്ന് വാങ്ങിയാലും ചെലവ് കൂടുതലാണെന്ന് കമ്പനികള്‍ പറയുന്നു.