കറുകച്ചാലില്‍ 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയില്‍ അലക്സ് തോമസ് (23) ആണ് കറുകച്ചാല്‍ പോലീസിന്റെ പിടിയിലായത്.
ലോട്ടറിയടിച്ചതെന്ന് പറഞ്ഞ് സുഹൃത്തിന് നല്‍കിയ 500 രൂപാ നോട്ടുകളാണ് അലക്‌സിന് കുരുക്കായത്.
കറുകച്ചാല്‍ വിദേശമദ്യഷോപ്പില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് 500 രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ മദ്യം വാങ്ങാനെത്തി. ഈ യുവാവ് നല്‍കിയത് കള്ളനോട്ടാണെന്ന് ബിവറേജ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് മദ്യഷോപ്പ് ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഈ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്സ് തോമസിനെ കുടുക്കിയത്.
ചോദ്യം ചെയ്തപ്പോള്‍ സുഹൃത്താണ് പണം നല്‍കിയതെന്ന് പറഞ്ഞു. രാത്രിതന്നെ ഈ സുഹൃത്തിനെയും പിടികൂടി ചോദ്യംചെയ്തപ്പോള്‍ രണ്ട് കള്ളനോട്ടുകള്‍ കൂടി കണ്ടെത്തി. ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്സ് തോമസാണ് മൂന്ന് 500 രൂപ നോട്ടുകള്‍ നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. രാത്രി ഒന്നരയോടെ പോലീസ് അലക്സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസസ്ഥലത്തെത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അലക്സിനെ പോലീസ് പിടികൂടി. 62 നോട്ടുകള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.