വെളിച്ചെണ്ണ മില്ലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
വെസ്റ്റ് മാഹിയിലെ രേണുക വെളിച്ചെണ്ണ മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്ണയും കൊപ്രയും കൊപ്ര കയറ്റിയ ലോറിയും കത്തിനശിച്ചു.
ഓണം വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വലിയ ശേഖരത്തിനാണ് തീപിടുത്തമുണ്ടായത്. 40 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. കൊപ്ര ഉണക്കുന്ന ഡ്രയറില്‍ നിന്നും തീ പടര്‍ന്നു വന്‍ അഗ്നിബാധയായി മാറുകയായിരുന്നു. തീ പിന്നീട് നാലു ലോറികളിലേക്കും എണ്ണ ടാങ്കിലേക്കും കൊപ്രയിലേക്കും എണ്ണ പായ്ക്ക് ചെയ്യാന്‍ വെച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളിലേക്കും പടരുകയായിരുന്നു.
കൊപ്രയ്ക്കും വെളിച്ചെണ്ണ ടാങ്കിനും കന്നാസ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും തീ പിടിച്ചു. 150 ടണ്‍ കൊപ്രയാണ് കത്തി നശിച്ചത്. നാലു ടാങ്കുകളിലായി 28 ടണ്‍ ഓയിലും നാലു വാഹനങ്ങളും കത്തി നശിച്ചു. കൊപ്രകയറ്റിവന്ന ഒരു ലോറി പൂര്‍ണ്ണമായും കത്തിയമര്‍ന്നതായിട്ടാണ് വിവരം. കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 15 ഇടങ്ങളില്‍ നിന്നുമായി 13 ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണയ്ക്കല്‍ ജോലിക്കായി എത്തിയത്.
ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ തീയണയ്ക്കല്‍ നേരം പുലര്‍ന്നിട്ടും തുടരുകയാണ്. ജെസിബി ഉപയോഗിച്ച് കമ്പനിയുടെ ചുമരുകള്‍ പൊളിച്ച് അകത്തുകയറാനാണ് ഫയര്‍ഫോഴ്‌സിന്റെ ശ്രമം. 90 ശതമാനം തീയും നിയന്ത്രണവിധേയം ആക്കിയെന്നാണ് വിവരങ്ങള്‍. എണ്ണയായതിനാല്‍ തീകെടുത്താന്‍ ഏറെ പ്രയാസമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രതികരണം.