സംസ്ഥാനത്ത് ഇന്ന് മുതല്‍ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഈടാക്കാൻ തീരുമാനം. നേരത്തേ പല ജുവലറികളും വ്യത്യസ്‌തമായ വിലകളാണ് ഈടാക്കിയിരുന്നത്.ഇതിന് പിന്നാലെയാണ് 18 കാരറ്റ് സ്വർണം ഏകീകൃത നിലവാരത്തിലേക്ക് എത്തിക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചത്.
സ്വർണവില ഉയർന്നതോടെ 18 കാരറ്റ് സ്വർണത്തിന് വിപണിയില്‍ ആവശ്യക്കാർ കൂടുതലാണ്. വിവാഹ ആവശ്യങ്ങള്‍ക്കടക്കം18 കാരറ്റ് സ്വർണാഭരണങ്ങള്‍ വാങ്ങുന്നവരുണ്ട്. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന് വില കുറവാണ്. മാത്രമല്ല, പെട്ടെന്ന് പൊട്ടിപ്പോകാത്ത വളരെ സിമ്പിള്‍ ഡിസൈനുകളിലുള്ള ആഭരണങ്ങളും 18 കാരറ്റില്‍ ലഭിക്കും. അതിനാല്‍, യുവതലമുറയ്‌ക്കാണ് ഇത്തരം ആഭരണങ്ങളോട് താല്‍പ്പര്യം കൂടുതല്‍ 22 കാരറ്റില്‍ സ്വർണത്തിന് 91.6 ശതമാനം സ്വർണമാണെങ്കില്‍ 18 കാരറ്റില്‍ 75 ശതമാനം സ്വർണമാണ്. ബാക്കി വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ഏകീകൃത വില ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും 18 കാരറ്റ് സ്വർണ വില്‍പ്പനയില്‍ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.