വിലക്കയറ്റത്തിനൊപ്പം ക്ഷാമവും; സിഎൻജി വില 100 കടന്നു.

വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിക്കും (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സംസ്ഥാനത്ത് വൻ വിലക്കയറ്റം.കഴിഞ്ഞ മൂന്നര മാസത്തിനിടെ കിലോയ്ക്ക് എട്ടര രൂപയാണ് സിഎൻജിക്കു വർധിച്ചത്. ഏപ്രില്‍ ഒന്നിന് 92.50 രൂപയായിരുന്നത് ഇപ്പോള്‍ 100 കടന്നു കുതിക്കുകയാണ്.

സംസ്ഥാനത്ത് 101 രൂപയാണ് ഇന്നലെ സിഎൻജിയുടെ ശരാശരി വില. വിലവർധനയ്ക്കൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. ഇതുമൂലം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ക്കു സർവീസ് നടത്താനാകാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

പെട്രോളിയം കന്പനികളാണ് പന്പുകളില്‍ ഇന്ധനം എത്തിച്ചുനല്‍കുന്നത്. ഇതിനുള്ള വാഹനങ്ങളുടെ കുറവുമൂലമാണ് ഇന്ധനക്ഷാമം ഉണ്ടാകുന്നതെന്നു പന്പുടമകള്‍ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ സാഹചര്യമാണു വിലവർധനയ്ക്കു കാരണമെന്നാണ് അധികൃതർ പറയുന്നത്. തമിഴ്നാട്ടിലും കർണാടകയിലും സിഎൻജിയുടെ ഇന്നലത്തെ ശരാശരി വില 97 ആണ്.മറ്റ് ഇന്ധനങ്ങളുടെ വിലവർധന സർക്കാരും പെട്രോള്‍ കന്പനികളും മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ടെങ്കിലും സിഎൻജിയുടെ വില വർധിപ്പിക്കുന്നത് പലപ്പോഴും അറിയിക്കാറില്ല. ഉപയോക്താക്കള്‍ പന്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്പോള്‍ മാത്രമാണു വർധനയെക്കുറിച്ച്‌ അറിയുന്നത്.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളേക്കാള്‍ മുന്പ് വലിയ വിലവ്യത്യാസം ഉണ്ടായിരുന്നതിനാല്‍ പലരും സിഎൻജി വാഹനങ്ങളിലേക്കു തിരിഞ്ഞിരുന്നു. 30 മുതല്‍ 40 രൂപവരെ വിലവ്യത്യാസം വന്നതിനെത്തുടർന്ന് വൻതോതില്‍ സിഎൻജി വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു.
Previous Post Next Post