ചോദ്യപേപ്പര്‍ ചോര്‍ച്ച 10 വര്‍ഷം വരെ തടവ്‌, 10 കോടി പിഴ; ബില്‍ അംഗീകരിച്ച്‌ കേന്ദ്ര മന്ത്രിസഭ.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.പത്തു വര്‍ഷം വരെ തടവും പത്തു കോടി രൂപ പിഴയും ശിക്ഷ വ്യവസ്‌ഥ ചെയ്യുന്ന ബില്‍ തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ശക്‌തമായതോടെയാണ്‌ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ അതിവേഗം ഉറപ്പാക്കാന്‍ ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതികള്‍ സ്‌ഥാപിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രമന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നു കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഭേദഗതിബില്ലിന്‌ അംഗീകാരം നല്‍കിയത്‌.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ കൂടുതല്‍ കടുത്ത ശിക്ഷകളാണ്‌ പുതിയ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്‌. നിലവില്‍ ഇത്തരം കേസുകളില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപയുമാണ്‌ പിഴ. എന്നാല്‍, പുതിയ ബില്ലില്‍ 10 വര്‍ഷം വരെ തടവും പത്തു കോടി രൂപ വരെ പിഴയും ശിക്ഷയാണ്‌ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്‌. കുറ്റക്കാരാണെന്ന്‌ കണ്ടെത്തുന്നവര്‍ക്കുള്ള കുറഞ്ഞ തടവുശിക്ഷ നിലവിലുള്ള മൂന്നു വര്‍ഷത്തില്‍നിന്ന്‌ അഞ്ചു വര്‍ഷമായി ഉയര്‍ത്തും.
ഭേദഗതി ബില്‍ ഉടന്‍തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന്‌ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ കൊണ്ടുവരുന്നതില്‍ യാതൊരുവിധ താമസവും ഉണ്ടാകരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്‌ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു വിവരം.
'വിദ്യാര്‍ഥികളുടെ ഭാവിക്കായി ഞങ്ങള്‍ സുപ്രധാന ചുവടുവയ്‌പ്പുകളാണ്‌ നടത്തുന്നത്‌. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ തടസപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌ തുടര്‍ന്നാല്‍, ഈ രാജ്യത്തെ യുവാക്കളുടെയും മൊത്തം ജനതയുടെയും രോഷം അവര്‍ക്ക്‌ നേരിടേണ്ടി വരും'- റിജിജു പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നത്‌ പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പലതവണ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, സഭാ നടപടികള്‍ കോണ്‍ഗ്രസും പ്രതിപക്ഷവും തടസപ്പെടുത്തുകയാണെന്നും മന്ത്രി റിജിജു കുറ്റപ്പെടുത്തി.
'കഴിഞ്ഞ അഞ്ച്‌ ദിവസമായി ഞങ്ങള്‍ക്ക്‌ നീറ്റ്‌ പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി ഇന്ന്‌ സഭയിലുണ്ടായിരുന്നു. അതിനാല്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ചര്‍ച്ചയില്‍ താല്‌പര്യമില്ലെന്നാണ്‌ ഇപ്പോള്‍ വ്യക്‌തമാകുന്നത്‌. പ്രതിഷേധക്കാരുടെ പ്രധാന മുഖമായ സോനം വാങ്‌ചുക്ക്‌ തന്റെ നിരാഹാര സമരം അവസാനിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്നും മന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചും അതിനായി സ്വീകരിക്കേണ്ട കൃത്യമായ നടപടികളെക്കുറിച്ചുമല്ലേ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പരീക്ഷാ സമ്പ്രദായം ശക്‌തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ലമെന്റ്‌ സുഗമമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു
Previous Post Next Post