വീര്യം കുറഞ്ഞ മദ്യത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹമാണ്. മദ്യ കമ്പനികളുടെ കച്ചവട താല്‍പര്യമാണ് നീക്കത്തിന് പിന്നിലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഉപയോഗം കുറയ്ക്കാൻ വേണ്ടിയാണ് മദ്യത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതെന്നും വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴി തുറന്നിട്ടുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.