'മില്‍മ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്.

സാമൂഹ്യ മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.മില്‍മയുടെ വാർഷികാഘോഷ സമ്മാനം' എന്ന വ്യാജേന ലിങ്കുകള്‍ സഹിതമാണ് വാട്സ്‌ആപ്പ് വഴി തട്ടിപ്പ് സന്ദേശങ്ങള്‍ പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പൊതുജനങ്ങള്‍ കെണിയില്‍ വീഴരുതെന്നും കബളിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മില്‍മ മാനേജ്‌മെന്റ് കർശന മുന്നറിയിപ്പ് നല്‍കി.വാട്സ്‌ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടർന്ന് ചോദിച്ച വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയും ചെയ്ത ചിലർക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പണം നഷ്ടമായെന്ന് കാണിച്ച്‌ ഇരകളായവർ മില്‍മയ്ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും തട്ടിപ്പ് ലിങ്ക് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇത് വ്യാജമാണെന്നും ആരും ഇത്തരം ലിങ്കുകള്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചിരുന്നു. 46 വർഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ വിപണിയിലെ വിശ്വാസ്യതയെ തകർക്കാനും പൊതുജനങ്ങളെ ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മില്‍മ അറിയിച്ചു. സൈബർ തട്ടിപ്പിനെതിരെയും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മില്‍മ അധികൃതർ പോലീസിനും സൈബർ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.
Previous Post Next Post