കെ .ബി. ഗണേഷ് കുമാറിനെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്‌എസ്) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി.അംഗത്വം പുതുക്കി നല്‍കിയില്ല. പകരം ബി.ആര്‍.കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. നിലവിലെ കാലാവധി അവസാനിച്ചതുമാണ് പുറത്താകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഗണേഷ് കുമാറും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന കടുത്ത ഭിന്നതയും തര്‍ക്കങ്ങളുമാണ് ഈ അടിയന്തര നീക്കത്തിന് പിന്നിലെന്നാണ് സൂചന.
'പത്മ കഫെ' നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ എന്‍എസ്‌എസ് പത്തനാപുരം താലൂക്ക് യൂണിയനില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിര്‍മാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നതാണ് വിവാദമായത്. അഴിമതിയാരോപണങ്ങളില്‍ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേര്‍ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയന്‍ എന്‍എസ്‌എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പരാജയപ്പെടാന്‍ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.