ആരോഗ്യവകുപ്പില്‍ കസേരകളി തുടരുന്നതിനിടെ ഭരണം തുടങ്ങി ഡോ. വി മീനാക്ഷി; ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കി, ലോങ്ങ് ലീവിന് നിയന്ത്രണം.

ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി.വകുപ്പിലെ ദീർഘാവധികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ. പനിക്കാല അടിയന്തിര സാഹചര്യത്തിലാണ് നിർദ്ദേശം. എല്ലാ മെഡിക്കല്‍ ഓഫീസർമാരും ആശുപത്രികള്‍ സന്ദർശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടർമാർ കൃത്യസമയത്ത് ഒ പിയില്‍ എത്തണമെന്നും ഡയറക്ടർ നിര്‍ദേശിച്ചു. അഡീഷണല്‍ ഡയറക്ടർക്കും മെഡിക്കല്‍ ഓഫീസർമാർക്കുമാണ് ഡയറക്ടർ സർക്കുലർ നല്‍കിയിരിക്കുന്നത്.

നിപ മുതല്‍ കുരങ്ങുപനിയെ വരെ സംസ്ഥാനം നേരിടുന്ന സമയത്താണ്, ആരോഗ്യവകുപ്പ് ഡയറക്ടർ പോലെയൊരു സുപ്രധാന പദവിയില്‍ തർക്കം തുടരുന്നത്. ഡോ. മീനാക്ഷി മാറാത്തതിനാല്‍ ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡിഎച്ച്‌എസിന്റെ കസേരയിലിരിക്കാനായില്ല. വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.റീന കെ ജെയെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. ഇന്നലെ രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി ഡോ. റീന ഡിഎച്ച്‌എസ് ആസ്ഥാനത്തെത്തി. പകരം ചുമതലയുള്ള ഡോ.മീനാക്ഷി അതിനും മുന്നേ ഓഫീസിലുണ്ടായിരുന്നു. ഡോ. റീന ‍ട്രൈബ്യൂണല്‍ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല.സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത്, ഡിഎച്ച്‌എസ് കസേരയിലിരുന്ന് ജോലി തുടർന്നു. ഓഫീസ് സമയം മുഴുവൻ ഡോ. റീന എതിർവശത്തെ കസേരയിലിരുന്നു. ഉച്ചഭക്ഷണത്തിന് ഡോ. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ. മീനാക്ഷി കസേരയില്‍ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡിഎച്ച്‌എസും പുതിയ ഡിഎച്ച്‌എസും മുഖാമുഖം കസേരകളില്‍ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ തർക്കം മൂലം ഇന്നലെ ഡിഎച്ച്‌എസില്‍ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി.
Previous Post Next Post