ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണം: ജാമ്യത്തിന് സഹായിച്ച പ്രോസിക്യൂട്ടറെ മാറ്റിയേക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ഹരീഷ്കുമാറിന് ജാമ്യം കിട്ടാൻ ഒത്തുകളിച്ചെന്ന ആരോപണം നേരിടുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റിയേക്കും.വരുന്ന ഒക്ടോബർ വരെ ഗീനാകുമാരിക്ക് കാലാവധിയുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കും.

ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്‌എച്ച്‌ഒ പ്രശാന്തിനോട് പ്രോസിക്യുഷൻ ഡയറക്ടർ ജനറല്‍ ടി. അസഫലി നിർദേശിച്ചു. അതിനിടെ, കേസില്‍ കക്ഷിചേരാൻ ഇഡിയും അപേക്ഷ നല്‍കും.

കഴിഞ്ഞ 18ന് ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് നല്‍കിയിരുന്നു. ജാമ്യം നല്‍കാതിരിക്കാൻ 13 കാരണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ഗീനാ കുമാരി കോടതിക്ക് കൈമാറിയെങ്കിലും ജാമ്യത്തെ എതിർത്തില്ല. 24നാണ് കേസില്‍ വാദം കേട്ടത്.

പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും നിലപാടെടുത്തു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എല്‍ഡിഎഫ് സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാ കുമാരിയെ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു
Previous Post Next Post