അരുണാചല്‍ പ്രദേശിലെ കെയി പന്യോർ ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ കാണാതായ നാല് പേർക്കായുള്ള തെരച്ചില്‍ ഊർജിതമാക്കി.ബുധനാഴ്ച പെയ്ത കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വ്യോമസേനയുടെയും സംസ്ഥാന സിവില്‍ ഏവിയേഷൻ വകുപ്പിന്റെയും ഹെലികോപ്റ്ററുകള്‍ വഴി കൂടുതല്‍ ജീവനക്കാരെയും സാമഗ്രികളും എത്തിച്ചിട്ടുണ്ട്.
പ്രാഥമിക കണക്കു പ്രകാരം നീപ്കോ കോളനിയില്‍ 30 വീടുകള്‍ പൂർണമായി ഒലിച്ചുപോയി. പൊസ, പിറ്റാപ്പുല്‍ മേഖലകളില്‍ 10 വീടുകള്‍ പൂർണമായും 14 വീടുകള്‍ ഭാഗികമായും തകർന്നു. ജില്ലയില്‍ 128 കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. നീപ്കോ കാന്പസില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പില്‍ നിലവില്‍ 60 പേർ കഴിയുന്നുണ്ട്. ദുരന്തദിവസം മുപ്പത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച വൈകുന്നേരം കെയി പന്യോർ കവാടത്തിനു സമീപമുള്ള ക്രഷർ യൂണിറ്റിനടുത്ത് മണ്ണടിച്ചിലില്‍ നാലു തൊഴിലാളികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഇവരുടെ ക്യാന്പിനുമേല്‍ മണ്ണടിച്ചില്‍ ഉണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടെ ഭാഗികമായി കുടുങ്ങിയ ഇവരെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് ആദ്യം രക്ഷപ്പെടുത്തിയത്. പ്രദേശത്ത് മൊബൈല്‍ നെറ്റ്വർക്ക് ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാൻ വൈകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ദുഃഖം രേഖപ്പെടുത്തി.