മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ.
ഈ മാസം 22 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയിരിക്കുന്നത്. എൻടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി) നല്‍കിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നത്.
ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിന് വിലക്കേർപ്പെടുത്തുന്ന അസാധാരണ നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ വില്‍പ്പനയ്ക്കുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ മെസേജുകള്‍ വന്നതിനെ തുടർന്ന് പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രചരിച്ച വാർത്ത വ്യാജമാണെന്നും ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും എൻടിഎയും കേന്ദ്രസർക്കാരും അറിയിച്ചു.