എല്ലാവരെയും ഒരുമിപ്പിക്കുന്ന യോഗ മാനവിക ഐക്യത്തിന്റെ അടിത്തറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊല്‍ക്കത്ത റെഡ് റോഡില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ദേശീയതല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്കിടെ പ്രധാനമന്ത്രി യോഗ ഇൻസ്ട്രക്‌ടറുടെ റോളും ഏറ്റെടുത്തു. ശരിയായി യോഗ ചെയ്യേണ്ട രീതികള്‍ വിശദീകരിച്ചു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന ഈ വർഷത്തെ പ്രമേയം വാർദ്ധക്യകാലത്തും ആരോഗ്യത്തോടെ ജീവിക്കാനുള്ള പാത കാണിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രായം കൂടുമ്പോള്‍ മനുഷ്യന്റെ കഴിവുകള്‍ കുറയുന്നില്ല. ജീവിതത്തിലുടനീളം നിരന്തരമായ വളർച്ചയും സ്വയം മെച്ചപ്പെടുത്തലുമാണ് യോഗയുടെ ലക്ഷ്യം. ഒരോ വയസ് പിന്നിടുമ്പോഴും ശരീരവഴക്കവും രോഗ പ്രതിരോധി ശേഷിയും കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു മദ്ധ്യപ്രദേശിലെ ജബല്‍പൂരിലും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ ലേയിലും യോഗാദിനാചരണത്തില്‍ പങ്കെടുത്തു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തില്‍ പാർലമെന്റ് വളപ്പിലും യോഗാഭ്യാസം നടന്നു. കേന്ദ്രകായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങള്‍ക്ക് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ബോളിവുഡ് താരം അക്ഷയ് കുമാറും നേതൃത്വം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ പരിപാടിയില്‍ പങ്കെടുത്തു.