'ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തുരപ്പൻ പണി കാണിച്ചു', അതുകൊണ്ടാണ് മാറ്റിയതെന്ന് മന്ത്രി, 'നിപ ഫലം ഉച്ചക്ക് വന്നിട്ടും അറിയിച്ചില്ല';

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി കെ മുരളീധരൻ.നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നുവന്ന വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കിയ മന്ത്രി, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം അഴിച്ചുവിട്ടു. നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിർ മരുന്ന് എത്തിക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചത്. ഒടുവില്‍ ഇന്നലെ രാത്രി എത്തിക്കുകയും ആദ്യ ഡോസ് നല്‍കുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഈ നിമിഷം വരെ നിപ അപകടകാരിയല്ലെന്നും രോഗി വളരെ അവശ നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുരപ്പൻ കാണിച്ചു, ഡിഎച്ച്‌എസിനെ മാറ്റി

ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ആയിരുന്ന ഡോ. റീനയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച്‌ എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. താൻ അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോള്‍ എനിക്ക് ഫലം ലഭിച്ചിരുന്നില്ല. ഫലം ലഭ്യമാകാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? എന്നാല്‍ തന്നോടൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡി എച്ച്‌ എിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസള്‍ട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നും, പിന്നീട് ആറ് മണിയോടെയാണ് അവർ വിവരം പറയുന്നതെന്നും മന്ത്രി വെളിപ്പെടുത്തി. ഡി എച്ച്‌ എസ് സർക്കാരുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും വകുപ്പില്‍ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് ഡി എച്ച്‌ എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും തുറന്നടിച്ചു
Previous Post Next Post