മാസപ്പടി കേസ്; എസ്‌എഫ്‌ഐഒയുമായി ഇ ഡി ചര്‍ച്ച നടത്തും, വീണയുടെ തുടര്‍ ചോദ്യംചെയ്യലില്‍ തടസം.

സിഎംആർഎല്‍ - എക്‌സാലോജിക് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ തുടർ ചോദ്യംചെയ്യലില്‍ ഇ ഡിക്ക് തടസം.എസ്‌എഫ്‌ഐഒ രേഖകള്‍ ഇനിയും ഇ ഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച പത്ത് ദിവസത്തെ സമയം ബുധനാഴ്‌ച അവസാനിച്ചു. രേഖകള്‍ക്കായി എസ്‌എഫ്‌ഐഒയുമായി ഇ ഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകള്‍ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.

താല്‍കാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവില്‍ ഇ ഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതില്‍ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇ ഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകള്‍ ഒന്നും കിട്ടിയില്ലെന്നാണ് സൂചന. എന്തെങ്കിലും സുപ്രധാന രേഖകള്‍ വീണ അന്വേഷണ ഏജൻസിയില്‍ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്ന് പരിശോധിച്ചത്.
Previous Post Next Post