ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളില്‍ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികള്‍ക്ക് ഛർദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്കൂള്‍ മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളിലെ ജലവിതരണ പമ്പ് തകരാറിലായതിനെ തുടർന്ന് പുറത്തുനിന്ന് കുടിവെള്ളം എത്തിക്കാൻ താല്‍ക്കാലികമായി ഒരു സ്വകാര്യ കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഈ വെള്ളം കുടിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കരാറുകാരൻ സ്കൂളില്‍ വിതരണം ചെയ്തത് മലിനമായ പാറമടയിലെ വെള്ളമാണെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തുകയും, വിതരണം ചെയ്ത കുടിവെള്ളത്തിന്റെ സാംപിളുകള്‍ അടിയന്തര രാസപരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.