തമിഴ്നാട്ടില്‍ അമോണിയ ചോര്‍ച്ച; മരണം ഏഴായി, നിരവധി പേര്‍ ആശുപത്രിയില്‍; സംഭവം സീഫുഡ് പ്രൊസസിങ് യൂണിറ്റില്‍.


തമിഴ്നാട്ടില്‍ സീഫുഡ് പ്രൊസസിങ് യൂണിറ്റില്‍ ഉണ്ടായ അമോണിയ വാതകച്ചോർച്ചയില്‍ മരണം ഏഴായി. നിരവധി പേർ ആശുപത്രിയില്‍.

മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോള്‍ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെല്‍ത്ത് വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും മൂന്നുദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സമിതിക്ക് നിർദേശം നല്‍കി.

ഞായറാഴ്ച തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തെ കണ്ണിഗൈപേരിലുള്ള സെൻ്റ് പീറ്റർ ആൻ്റ് പോള്‍ സീഫുഡ്സ് എക്സ്പോർട്ട്സിലാണ് വാതകച്ചോർച്ച ഉണ്ടായത്. പ്രൊസസിങ് യൂണിറ്റില്‍നിന്ന് അമോണിയ ചോരുകയും പരിസരപ്രദേശങ്ങളില്‍ വ്യാപിക്കുകയുമായിരുന്നു. അമോണിയ ശ്വസിച്ച്‌ നിരവധി ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ചിലരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതായും റിപ്പോർട്ടുണ്ട്.

70ലധികം ജീവനക്കാരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഗവ. സ്റ്റാൻലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേരെയും വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ ഒൻപത് സ്ത്രീകളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

Previous Post Next Post