ഒരുകാലത്ത് ഡെലിവറി ബോയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുമായിരുന്ന വ്യക്തി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തി.,ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ വാട്ട്സ്‌ആപ്പിന്റെ ആഗോള മേധാവിയായി ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷായെ നിയമിച്ചതോടെ സ്റ്റാര്‍ട്ടപ്പ് ലോകത്ത് അദ്ദേഹം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.


ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷായുടെ ജീവിതകഥ പറഞ്ഞാല്‍ ചിലപ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നിയേക്കാം.

മൈക്രോമെസേജ് കൊണ്ട് ലോകത്തിന്റെ ഏതുകോണിലും അറിയപ്പെടുന്ന വാട്ട്സ്‌ആപ്പിന്റെ ആഗോള മേധാവിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അത് ലോകത്തിന്റെ ഓണംകേറാമൂലയില്‍ ജീവിക്കുന്ന, ഒരു കഴിവുമില്ലെന്ന് സ്വയം പഴിപറയുമ്പോള്‍, ഏതൊരാള്‍ക്കും മാതൃകയാക്കാം. ഏകദേശം 14/15 വയസ്സുള്ളപ്പോള്‍ തന്നെ കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങിയ വ്യക്തിയാണ് കുനാല്‍ ഷാ.

പിതാവിന്റെ ബിസിനസ്സ് തകര്‍ന്നതിനെ തുടര്‍ന്ന് കുടുംബം കടക്കെണിയിലായപ്പോഴാണ് കുടുംബത്തെ സഹായിക്കാന്‍ അദ്ദേഹം പലവിധ ജോലികള്‍ ചെയ്യാന്‍ തുടങ്ങിയത്. 16-ാം വയസ്സായപ്പോഴേക്കും ഡെലിവറി ബോയ്, ഡാറ്റാ ഓപ്പറേറ്റര്‍, മെഹന്ദി കോണ്‍ വില്‍പനക്കാരന്‍, സൈബര്‍ കഫേ ഓപ്പറേറ്റര്‍, വ്യാജ സിഡി വില്‍പനക്കാരന്‍, കമ്പ്യൂട്ടര്‍ പരിശീലകന്‍ എന്നീ ജോലികളിലൂടെ ഷാ സാമ്പത്തിക സ്വാതന്ത്ര്യം നേടിയിരുന്നു.

ഐഐടി-ഐഐഎം ബിരുദങ്ങളോ സാങ്കേതിക വിദ്യാഭ്യാസമോ ഉള്ള മറ്റ് പ്രശസ്തരായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ നിന്ന് വ്യത്യസ്തനാണ് ഷാ. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ ഷാ പഠിച്ചത് ഫിലോസഫി ആയിരുന്നു. 'തത്വജ്ഞാനം' എന്ന വിഷയത്തില്‍ വലിയ താല്പര്യമുള്ളതുകൊണ്ടോ മറ്റ് കോഴ്സുകള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ മാര്‍ക്കില്ലാത്തതുകൊണ്ടോ അല്ല ഫിലോസഫി തിരഞ്ഞെടുത്തത്. സമാധാനമായി അല്‍പ്പസ്വല്‍പ്പം ജോലി കിട്ടാന്‍ കൂടിയായിരുന്നു. രാവിലെ 8 മുതല്‍ 10 വരെ മാത്രം ക്ലാസുകളുള്ള ഒരേയൊരു വിഷയം അതായിരുന്നു. ദിവസത്തിന്റെ ബാക്കി സമയം അദ്ദേഹത്തിന് ജോലി ചെയ്യാന്‍ ഇത് സഹായിച്ചു.

കോളേജിന് ശേഷം ഷാ മുംബൈയിലെ നര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎയ്ക്ക് ചേര്‍ന്നുവെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പഠനം ഉപേക്ഷിച്ചു. 'ഒരു ഘടനാപരമായ പ്രോഗ്രാമിലൂടെ പഠിക്കുന്നതിനേക്കാള്‍ സ്വന്തമായി പഠിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് പഠനം ഉപേക്ഷിച്ചത്. പാഠ്യപദ്ധതികളും സിദ്ധാന്തങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് എന്ന തിരിച്ചറിവിലായിരുന്നു അവിടെ നിന്നും ഇറങ്ങിയത്. ഷാ ബിരുദങ്ങളില്‍ വിശ്വസിക്കുന്നില്ല.

2018-ല്‍ 1 മില്യണ്‍ ഡോളറിന്റെ വ്യക്തിഗത നിക്ഷേപത്തോടെ ക്രെഡ് ആരംഭിക്കുന്നതിന് മുന്‍പ്, ഇന്ത്യയിലെ ആദ്യകാല ഡിജിറ്റല്‍ പേയ്മെന്റ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ഫ്രീചാര്‍ജ് ഷാ നിര്‍മ്മിച്ചിരുന്നു. ഇത് 2017-ല്‍ ഏകദേശം 60 മില്യണ്‍ ഡോളറിന് ആക്‌സിസ് ബാങ്കിന് വിറ്റു. ക്രെഡിലെ മെറ്റായുടെ 20% ഓഹരി പങ്കാളിത്തം ഇപ്പോള്‍ കമ്പനിയുടെ മൂല്യം 4.5 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്.

നിലവിലെ വാട്ട്സ്‌ആപ്പ് ആഗോള മേധാവി വില്‍ കാത്കാര്‍ട്ടിന് പകരക്കാരനായാണ് ഷാ എത്തുന്നത്. 500 മില്യണിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയാണ് വാട്ട്സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണി. ആപ്പിന്റെ ആഗോള ഉപഭോക്താക്കളുടെ എണ്ണം 3 ബില്യണിലധികമാണ്. വാട്ട്സ്‌ആപ്പിന്റെ അമരക്കാരനായി ചുമതലയേല്‍ക്കുന്നതിനായി ഷാ ക്രെഡിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. തന്റെ പദവിയെ അമിത ഗൗരവത്തോടെ കാണാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് അദ്ദേഹം. ജോലിസ്ഥലത്തും അത്തരം ഒരു സംസ്‌കാരമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. ജീവനക്കാര്‍ക്ക് പരസ്പരം തമാശകള്‍ ഉണ്ടാക്കാനും ഷായെപ്പോലും ട്രോളാനും അനുവദിക്കുന്ന ഒരു ആഭ്യന്തര മീം ചാനല്‍ ക്രെഡില്‍ ഉണ്ടായിരുന്നു.

Previous Post Next Post