വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രിയും, 'വിസിമാര്‍ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം'.

ആർ എസ് എസ് പരിപാടിയില്‍ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്റെ താക്കീതിന് പിന്നാലെ കടുപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്.സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണ സഭയില്‍ വി സി മാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നും, അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികള്‍ പങ്കിടുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ പദവി സർവകലാശാലകളുടെ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങള്‍ക്ക് ഈ പദവികള്‍ വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തത് തെറ്റായിപ്പോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത് ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വി സിമാരില്‍ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതേസമയം ആർ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്ന് താക്കീതും നല്‍കിയിരുന്നു.
Previous Post Next Post