ന്യൂഡൽഹി :രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകള്‍'.രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്‍നിന്നു ഡിജിറ്റല്‍ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തില്‍ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡല്‍ഹി ജന്തർ മന്ദറില്‍ ഒത്തുകൂടിയത്.
സമൂഹമാധ്യമങ്ങളില്‍നിന്നു യുവാക്കള്‍ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.
സ്ക്രീനുകളില്‍നിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡല്‍ഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകള്‍ സജ്ജമാക്കി ഡല്‍ഹി പോലീസ് അണിനിരന്നിരുന്നു.
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അതിരാവിലെതന്നെ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ അണിനിരത്തി ഡല്‍ഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്റ് പോലീസ് സ്റ്റേഷനിലെ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആള്‍ക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.
എന്നാല്‍, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്റ് പോലീസ് സ്റ്റേഷനില്‍നിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകള്‍ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറില്‍നിന്ന് അഞ്ഞൂറിലേക്ക് വളരെ വേഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.
തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ ഓരോ കോണില്‍നിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ മുഖം തിരിച്ച പ്രതിഷേധത്തില്‍ ഗോദി മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാല്‍ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെയുള്‍പ്പെടെ പ്രതിനിധികളുണ്ടായിരുന്നു.
പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭഗത് സിംഗിന്റെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയില്‍ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.