ഡികെ ശിവകുമാര്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ബെംഗളൂരുവില്‍ കടുത്ത ഗതാഗത നിയന്ത്രണം!

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ലോക്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജൂണ്‍ 3-ന് ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകും.സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ഗതാഗത നിയന്ത്രണങ്ങള്‍ക്കും പിന്തുണയേകാൻ പ്രധാനപ്പെട്ട സെക്രട്ടേറിയറ്റ് ഓഫീസുകള്‍ക്ക് സംസ്ഥാന സർക്കാർ ഭാഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാനായി ലളിതമായ ചടങ്ങാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഡികെ ശിവകുമാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് പ്രധാനമായും നഗരത്തിലെ ഗതാഗത തടസങ്ങള്‍ ഒഴിവാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കർണാടകയുടെ വിവിധ ജില്ലകളില്‍ നിന്ന് വലിയ തോതില്‍ അനുയായികള്‍ എത്തുമെന്നും അവർ അറിയിച്ചു.

പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ബെംഗളൂരുവിലേക്ക് എത്തിക്കുന്നതിനായി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു തിരക്ക് നഗരത്തിലെ പ്രധാന പാതകളെ സ്‌തംഭിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്കും ആശയക്കുഴപ്പങ്ങളും ഉണ്ടാകുമെന്ന ആശങ്ക പോലീസ് ഉദ്യോഗസ്ഥരും പങ്കുവെച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് ജൂണ്‍ 3 ബുധനാഴ്‌ച വൈകുന്നേരം 4.05ന് ബെംഗളൂരുവിലെ ലോക് ഭവനില്‍ നടക്കാൻ നിശ്ചയിച്ചിരിക്കുന്നു. സമയക്രമീകരണം അന്തിമമാക്കുന്നതിന് മുമ്പ് പാർട്ടി നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തിയിരുന്നു. സാധാരണ യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ട് ഉറപ്പാക്കി ചടങ്ങ് സുഗമമായി നടത്തുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Previous Post Next Post